ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിൽ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

   ചരിത്രം

 സാമൂഹ്യ-സാംസ്കാരിക ചരിത്രം കൊടുങ്ങല്ലൂരിനു സമീപത്തുള്ള മുസിരിസ് എന്ന പ്രാചീനതുറമുഖം സ്ഥിതിചെയ്തിരുന്ന പ്രദേശം ഇന്ന് ഏറിയാട്  ഗ്രാമപഞ്ചായത്തിലാണ്. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ പെരിയാര്‍ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്താണ് മുസിരിസിന്റെ സ്ഥാനം. പ്രാചീനകാലത്ത് ലോകത്തിന്റെ പലഭാഗത്തുനിന്നും ഇന്ത്യയിലേക്ക് കടല്‍മാര്‍ഗ്ഗം വന്നിരുന്ന വിനോദസഞ്ചാരികളും വ്യാപാരികളും ഏറിയപങ്കും ഈ തുറമുഖത്തായിരുന്നു വന്നുചേര്‍ന്നിരുന്നത്. അതില്‍ ഭൂരിഭാഗവും അറബികള്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍ മുതലായ വിദേശികളായിരുന്നു. തുറമുഖം സ്ഥിതി ചെയിതിരുന്ന പെരിയാര്‍ അഴിമുഖം ഏറിയാടിലായതിനാല്‍ പഴയ തുറമുഖപട്ടണവും ഇന്നത്തെ എറിയാട് പഞ്ചായത്തിലായിരുന്നിരിക്കാം. പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നുവെന്നും അതുകൊണ്ട് ഇവിടം ഏറിയകാട് എന്നാണറിയപ്പെട്ടിരുന്നതെന്നും, ഏറിയകാട് ലോപിച്ച് എറിയാട് ആയിമാറിയെന്നും സ്ഥലനാമചരിത്രം സൂചിപ്പിക്കുന്നു. ഈ പഞ്ചായത്തില്‍ കുറച്ചു കുടുംബങ്ങള്‍ താമസ്സിക്കുന്ന കൊച്ചു ഉപദ്വീപുണ്ട്- ഇടിയന്‍ ചാല്‍. നേരത്തെ ഈ പ്രദേശം തുരുത്തായിരുന്നു. പ്രസിദ്ധറോഡായ ടിപ്പുസുല്‍ത്താന്‍ റോഡിനു കിഴക്കുംപടിഞ്ഞാറുമായി ഒരുകാലത്തു കുന്നിന്‍പ്രദേശമായിരുന്നു. മണ്ണെടുത്തുപോയെങ്കിലും ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാവുന്നതാണ്. എറിയാടുപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കടല്‍ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ ചേടികലര്‍ന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണല്‍പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിലെ എക്കലിന്റെ സാന്നിധ്യം പഞ്ചായത്തിനെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തുപ്രശത്തെ തീരസമതലവിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഈ പഞ്ചായത്തിലെ പ്രധാനകൃഷി തെങ്ങാണ്. എറിയാടിനു സാമൂഹ്യവും സാംസ്ക്കാരികവും, വിദ്യാഭ്യാസപരവും വിപ്ലവപരവുമായ ഒരു ചരിത്രമുണ്ട്. 1933-ല്‍ നടന്ന കര്‍ഷകസമരം എറിയാട് പഞ്ചായത്തില്‍നിന്നായിരുന്നു പൊട്ടിപുറപ്പെട്ടത്. ഈ സമരം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ കര്‍ഷകസമരമായിരുന്നു. പ്രധാനവിളയായ നാളികേരത്തിന്റെ വില കുത്തനെ കുറഞ്ഞതുകൊണ്ട് നാട്ടുകാരായ കര്‍ഷകര്‍ക്ക് ജീവിതം മുന്നോട്ടു നീക്കാന്‍ കഴിയാതെവന്നപ്പോള്‍ സേട്ടുമാരായ ഹുണ്ടികക്കാരില്‍ നിന്നും, കൃഷി സ്ഥലത്തിന്റെ പണയത്തിന്മേല്‍ പണം കടംവാങ്ങിക്കേണ്ടി വന്നു. നൂറുരൂപയ്ക്ക് വര്‍ഷത്തില്‍ 48 രൂപ പലിശ വന്നപ്പോള്‍ തിരിച്ചടയ്ക്കാന്‍ വയ്യാതായതിനേതുടര്‍ന്ന് ഇവിടെയുള്ള ഭൂമി ഹുണ്ടികക്കാരുടെ അധീനതയിലായി. ഇതിന് എതിരായി കെ.എം.ഇബ്രാഹാം സാഹിബിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. 1934-ല്‍ മൊയ്തീന്‍ സാഹിബിന്റെ നേതൃത്വത്തില്‍ കൊച്ചിദിവാന്റെ ആസ്ഥാനത്തേക്ക് സമരക്കാര്‍ നീങ്ങിയതിനേ തുടര്‍ന്ന് വില്ലിംഗ്ടണ്‍ പ്രഭുവിന്റെ ഉത്തരവുപ്രകാരം സമരക്കാരെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചടിച്ചമര്‍ത്തുകയുണ്ടായി. എന്നാല്‍ ഈ സമരത്തിന്റെ ഫലമായി കടാശ്വാസബില്ല് നിലവില്‍ വരികയും പലിശ ആറുശതമാനമായി കുറക്കുകയും കടം ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനുമുമ്പ് നിലനിന്നിരുന്ന പ്രവണതകളുടെ ഫലമായി പല കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ ഇത്തരത്തില്‍ ഹുണ്ടികക്കാരുടെ കൈയ്യില്‍ വന്നുചേരുകയും അവരുടെ കൈയ്യില്‍നിന്ന് നാട്ടിലെ ഭൂപ്രമാണിമാരുടെ കൈയ്യില്‍ വന്നുചേരാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു. തല്‍ഫലമായി കാര്‍ഷികവിഭവങ്ങളില്‍ ഏറിയപങ്കും സമ്പന്നരായ വളരെ ചെറിയൊരു വിഭാഗത്തിന്റെ കൈയ്യില്‍ എത്തിച്ചേര്‍ന്നു. ആ ആളുകള്‍തന്നെ അവസാനം, സ്വാതന്ത്ര്യസമരകാലത്ത് നെഹ്റുവിന് കാശ്മീരില്‍ വച്ച് ബയണറ്റ് ചാര്‍ജ്ജ് നേരിടേണ്ടിവന്നതില്‍ പ്രതിഷേധിച്ച്, നാട്ടില്‍ ദേശീയവാദികള്‍ നടത്തിയ പ്രകടത്തിനുനേരെ, ഗുണ്ടകളെ അഴിച്ചുവിടുകയും ആക്രമണം നടത്തുകയും ചെയ്തു. ആ കേസിലെ ഒന്നാം പ്രതിയാക്കപ്പെട്ടത് കരിക്കുളത്ത് ഖാന്‍സാഹിവായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രമുഖരായ പല വ്യക്തികളും ഈ പഞ്ചായത്തിലുണ്ടായിരുന്നു. മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബും, സീതിസാഹിബും, സി.എ.അബ്ദുള്‍ഖാദര്‍, എം.എം.കുഞ്ഞുമൊയ്തീന്‍ സാഹിബ്, കെ.എം.ഇബ്രാഹിം, കെ.എം.മൊയ്തീന്‍, പി.പി.കുമാരന്‍ എന്നിവര്‍ അവരില്‍ സ്മരണീയരാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് എറിയാട് പഞ്ചായത്തിലെ കടപ്പുറത്ത് ഒരു ടെലിഫോണ്‍ ഉണ്ടായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ ടെലിഫോണ്‍ കണക്ഷന്‍ ആയിരുന്നു അത്. ഈ കാലഘട്ടത്തില്‍ ചേര്‍ത്തലയില്‍ പട്ടിണിമരണവും ക്ഷാമവും ഉണ്ടായപ്പോള്‍ ദുരിതാശ്വാസനിധിയിലേക്ക് വിഭവങ്ങള്‍ സമാഹരിച്ച് കൊടുത്തയച്ചവരുടെ കൂട്ടത്തില്‍ ഏറിയാട് പഞ്ചായത്തിലെ ജനങ്ങളും ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലെ പ്രധാന ഭൂപ്രഭുക്കള്‍ മുസ്ലീംപ്രമാണിമാര്‍ ആയിരുന്നു. കേരള മുസ്ലീംഐക്യസംഘം 1926-ല്‍ എറിയാട് പഞ്ചായത്തില്‍ വച്ചായിരുന്നു സ്ഥാപിതമായത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നായ മാര്‍ത്തോമ്മാപള്ളി, സ്ഥാപിതമായിരിക്കുന്നതും എറിയാട് പഞ്ചായത്തിലാണ്. പഞ്ചായത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മുസ്ലീംപള്ളി അഴീക്കോട് പുത്തന്‍പള്ളിയും, ആദ്യത്തെ ഹിന്ദുദേവാലയം തിരുവള്ളൂര്‍ ക്ഷേത്രവുമാണ്. പള്ളികളിലെ പെരുനാളിനും അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്കും ജാതിമതഭേദമന്യേ നാട്ടുകാര്‍ പരസ്പരം സഹകരിച്ചുപോരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്താം വാര്‍ഡിലെ കസ്തൂരികോവില്‍ എന്ന സുബ്രഹ്മണ്യക്ഷേത്രം. അതിന് സ്ഥലം നല്‍കി സഹായിച്ചത് കസ്തൂരി കുഞ്ഞുമൊയ്തീന്‍ ആയിരുന്നു. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്നുള്ള ആറാട്ട് ഏറിയാട് ചേരമാന്‍ മൈതാനത്തെത്തുമ്പോള്‍ വലിയ ഉത്സവമായിട്ടാണ് കൊണ്ടാടിയിരുന്നത്. തെയ്യം, തെറയാട്ട്, മുടിയേറ്റ്, കളംപാട്ട് മുതലായ നാടന്‍കലാരൂപങ്ങള്‍ അവിടെ അവതരിപ്പിച്ചുപോന്നിരുന്നത് കാണാന്‍ നാട്ടിലെ എല്ലാ മതസ്ഥരും എത്തിച്ചേരുക പതിവായിരുന്നു. 1938-വരെ ഇതു തുടര്‍ന്നുപോന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ തന്നെ എറിയാട് പ്രദേശത്ത് വ്യാപകമായി കൃഷി പുരോഗതി പ്രാപിച്ചിരുന്നു. പഴയ സെറ്റില്‍മെന്റ് രേഖകള്‍പ്രകാരം തരിശുഭൂമി പഞ്ചായത്തില്‍ ഇല്ലായിരുന്നു. റവന്യൂരേഖകള്‍പ്രകാരം ഭൂവിഭാഗത്തിന്റെ വിസ്തൃതയില്‍ 23.22% നെല്‍കൃഷിയായിരുന്നു(389 ഹെക്ടര്‍). എന്നാല്‍ 1991 ആയപ്പോഴേക്കും അത് കേവലം 0.26% ആയി കുറഞ്ഞു. 1957-ല്‍ നിലവില്‍ വന്ന കാര്‍ഷികപരിഷ്ക്കരണ നിയമം പാട്ടകുടിയാന്മാര്‍ക്ക് സംരക്ഷണം നല്‍കിയതോടെ പാടങ്ങളില്‍ തെങ്ങും, കവുങ്ങും കൃഷി ചെയ്യാന്‍ ആരംഭിച്ചു. 1970-ലെ ഭൂപരിഷ്ക്കരണനിയമം ഇതിന് ആക്കം കൂട്ടി. പഞ്ചായത്തിലെ ഇന്നത്തെ മുഖ്യവിള തെങ്ങാണ്. 99% സ്ഥലത്തും തെങ്ങു കൃഷിചെയ്യുന്നു. കൃഷിഭൂമികളുടെ തുണ്ടുവല്‍ക്കരണം കാര്‍ഷികബന്ധങ്ങളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മുപ്പതുകളുടെ അവസാനഘട്ടത്തിലും 40-കളുടെ ആരംഭത്തിലുമായി ഈ പഞ്ചായത്തിലെ കൃഷിഭൂമി വിരലിലെണ്ണാവുന്നത്ര ജന്മികളുടെ കൈവശമായിരുന്നു. ആ കാലഘട്ടത്തില്‍ ആയിരകണക്കിന് കുടിയാന്മാരും കര്‍ഷകതൊഴിലാളികളും ഉണ്ടായിരുന്നു. 1970-ല്‍ സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലായതിന്റെ ഫലമായി കര്‍ഷകര്‍ ഭൂമിയുടെ അവകാശികളായി മാറി. പഴയകാലത്ത് ഇവിടത്തെ പ്രധാനകായികവിനോദങ്ങള്‍ വാറുകളി, തലപ്പന്തുകളി, ഐവര്‍കളി എന്നിവയാണ്. ആദ്യത്തെ ബസ് സര്‍വ്വീസ് പി.എസ്.എന്‍. മോട്ടോഴ്സ് ആയിരുന്നു. ഗവണ്‍മെന്റ് യു.പി സ്കൂള്‍ അഴീക്കോട് ആണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍. കോട്ടപ്പുറംവീട്ടില്‍ സീതിമുഹമ്മദ് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. 1912-ല്‍ നിലവില്‍ വന്ന കേരളവര്‍മ്മ സ്കൂളാണ് പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂള്‍. ഈ സ്കൂള്‍ സ്ഥാപിച്ചത് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയായിരുന്നു. 1955-ല്‍ ബ്ലോക്ക് ഓഫീസിനുള്ള സ്ഥലവും എറിയാട് വില്ലേജാഫീസിനുള്ള സ്ഥലവും അദ്ദേഹം തന്നെയാണ് നല്‍കിയത്. എറിയാട് പഞ്ചായത്തിലെ ആദ്യത്തെ വായനശാല 1938-ല്‍ സ്ഥാപിക്കപ്പെട്ട അഴീക്കോട് ഗ്രാമീണ വായനശാലയാണ്. ഈ രണ്ട് വായനശാലയും എറിയാട് പഞ്ചായത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഉയര്‍ച്ചയ്ക്ക് വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഷണ്‍മുഖം ചെട്ടി നാട്ടില്‍ ഒരു വ്യവസായ പരിശീലനകേന്ദ്രം സ്ഥാപിച്ചത്. അവിടെ ചവിട്ടി നിര്‍മ്മാണം, അവില്‍ ഇടി, ചക്ക് ആട്ടല്‍, കോഴി വളര്‍ത്തല്‍, സോഫ നിര്‍മ്മാണം എന്നിവയ്ക്ക് പരിശീലനം നല്‍കിയിരുന്നു. അറബികടലിന്റേയും പെരിയാര്‍ പുഴയുടേയും തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ സാമ്പത്തികഘടനയില്‍ മത്സ്യമേഖല പണ്ടുമുതല്‍ തന്നെ സ്വാധീനം ചെലുത്തിയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ മത്സ്യബന്ധനരീതികളിലും അനുബന്ധതൊഴിലുകളിലും ഒപ്പം തന്നെ ജീവിതരീതികളിലും മാറ്റം വരുകയുണ്ടായി. ഏറെ ചരിത്രപശ്ചാത്തലമുള്ള റോഡാണ് ടിപ്പുസുല്‍ത്താല്‍ ‍റോഡ്. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് നിര്‍മ്മിക്കപ്പെട്ട റോഡാണിത്. എറിയാട് പഞ്ചായത്തിലെ മറ്റെല്ലാ റോഡുകളും വഴികളും ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലയ്ക്ക് ഈ റോഡുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. തിരുവള്ളൂര്‍ ശിവക്ഷേത്രം, സെന്റ് തോമസ് ചര്‍ച്ച്, പുത്തന്‍പള്ളി എന്നിവ ഈ പഞ്ചായത്തിലെ പഴക്കംചെന്ന ആരാധനാലയങ്ങളാണ്. സാമൂഹ്യാചാരങ്ങളുമായി ബന്ധപ്പെട്ട പല പ്രാചീനകലാരൂപങ്ങളും ഈ പ്രദേശത്ത് നിലനിന്നിരുന്നു. കൈകൊട്ടികളി, പരിചമുട്ടുകളി, അറമനമുട്ട്, ഒപ്പന, തിരുവാതിരക്കളി എന്നിവയൊക്കെ അന്യംനിന്നുകൊണ്ടിരിക്കുന്നു. വാറുകളിയും ഓണക്കളിയും കിളിമാസുകളിയും ഒക്കെ ഇതില്‍പെടും. പ്രശസ്തരായ പല എഴുത്തുകാര്‍ക്കും ജന്മം നല്‍കിയ നാടാണിത്. എ.കെ.അലി മുഹമ്മദ്, എന്‍.കെ.സെയ്തുമുഹമ്മദ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, മൊയ്തുപടിയത്ത്, എ.കെ.എസ് മുതലായവര്‍ ഈ ഗണത്തില്‍പ്പെടുന്നു. കൂടാതെ സൂധീര്‍, ബഹദൂര്‍, കമല്‍ എന്നീ ചലച്ചിത്രകാരന്മാരും ഈ പഞ്ചായത്തിലാണ് ജനിച്ചത്. കര്‍ഷകപ്രക്ഷോഭ കാലഘട്ടത്തില്‍ പ്രശസ്തനായ പി.കേശവദേവ് ഇവിടെ വരികയും പത്തുമടല്‍ ഓല എന്ന നാടകം കളിക്കുകയും ചെയ്തിട്ടുണ്ട്.